ബാലുശ്ശേരി: സഹോദരങ്ങൾ ഒരുമിച്ച് പോലീസ് സേനയിലേക്ക്. ബാലുശ്ശേരി പനങ്ങാട് നോർത്തിലെ നിർമ്മാണ തൊഴിലാളിയായ ചോയിമടത്തുംപൊയിൽ ദിനേശന്റെ മക്കളായ ആദർശും (28) അഷിനുമാണ് (25) ഒരുമിച്ച് ഒരേദിവസം പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് സേനയുടെ ഭാഗമായത്. മലപ്പുറം എം.എസ്.പി ക്യാമ്പിൽ വെള്ളിയാഴ്ച നടന്ന പാസിങ് ഔട്ട് പരേഡിന് അച്ഛൻ ദിനേശനും അമ്മ അജിതകുമാരിയും എത്തിയിരുന്നു.
ഇരുവരും ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചു. ശബരിമലയിലാണ് ആദ്യ ഡ്യൂട്ടി ലഭിച്ചത്. ഒരാൾക്ക് സന്നിധാനത്തും മറ്റൊരാൾക്ക് പമ്പയിലുമായിരുന്നു ഡ്യൂട്ടി. ആദർശ് പോളിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. അഷിൻ പ്ലസ്ടു കഴിഞ്ഞ് ബിഎസ്എഫിൽ ജോലി നേടിയിരുന്നു. ഇതൊഴിവാക്കിയാണ് പോലീസ് സേനയിൽ എത്തിയത്. ഇരുവരും ഒരുമിച്ചാണ് പോലീസിലേക്കുള്ള പിഎസ്‌സി പരീക്ഷ എഴുതിയതും റാങ്ക് ലിസ്റ്റിൽ ഇടം നേടിയതും. അഷിൻ വോളിബോൾ താരം കൂടിയാണ്.