പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻ കുതിപ്പ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷവും കടന്നാണ് ഭരണകക്ഷി മുന്നേറുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് വ്യക്തമാകുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍ഡിഎ 188 ഓളം സീറ്റുകളില്‍ മുന്നേറുന്നുണ്ട്. മഹാസഖ്യം 51 ഓളം സീറ്റുകളിലും.
ബിഹാറിൽ രണ്ട്‌ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലും വനിതാവോട്ടർമാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടർമാരും 62.8 ശതമാനം പുരുഷവോട്ടർമാരുമാണ് ഇക്കുറി വോട്ട് ചെയ്‌തത്. ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 67.14 % പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. നവംബർ 6ന് നടന്ന ആദ്യ ഘട്ടത്തിൽ 65.09 % മാത്രമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടർമാരാണ് ഉള്ളത്.