കൊടുവള്ളി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ കാരകുന്നുമ്മൽ ബാബുരാജ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിൽ കൊടുവള്ളി-നരിക്കുനി റോഡിൽ കിഴക്കോത്ത് പാലത്തിന് സമീപമായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. കൊടുവള്ളി ലക്ഷ്മി ജ്വല്ലറി ഉടമയും ആഭരണ നിർമ്മാണ തൊഴിലാളിയും എസ്.ബി.ഐ കൊടുവള്ളി ടൗൺ ബ്രാഞ്ച് ഗോൾഡ് അപ്രൈസറുമായിരുന്നു.
പിതാവ്: പരേതനായ കുട്ടിയപ്പു. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: രശ്മി. മക്കൾ: അഭിനവ്, അഭിരാമി, ആവണി. മരുമകൻ: സാജൻ. സഹോദരങ്ങൾ: ജയരാജൻ, മോഹനൻ, പ്രദീപ്, ശിവരാജൻ, ദേവരാജൻ. സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 6 മണിക്ക് കാരകുന്നുമ്മൽ തറവാട്ട് വളപ്പിൽ.