മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ ബസ്സിടിച്ച് അതേ സ്കൂളിലെ വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി മുസ്‍ലിയാർ അങ്ങാടിയിൽ കുമ്പളപ്പറമ്പ് എബിസി മോണ്ടിസോറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ യമിൻ ഇസിൻ (8) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.
സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസ്സിടിച്ചാണ് അപകടം. ഉടൻ തന്നെ ബസ് ഡ്രൈവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് വെച്ചു തന്നെ കുട്ടി മരിച്ചതായാണ് റിപ്പോർട്ട്.
മൃതദേഹം മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസ് ഡ്രൈവർ മഞ്ചേരി പോലീസിൻ്റെ കസ്റ്റഡിയിലാണ്. സ്കൂൾ ബസ്സിൽ കുട്ടികളെ സഹായിക്കാൻ ജീവനക്കാരില്ലെന്നാണ് റിപ്പോർട്ടുകൾ.