Trending

എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താമരശ്ശേരി: തലയാട് എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടിയിൽ റഫ്‌സിൻ (26)നെയാണ് താമരശ്ശേരി എക്‌സൈസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 0.544 ഗ്രാം മെത്താംഫെറ്റമിൻ എക്‌സൈസ് സംഘം പിടികൂടി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

പരിശോധക സംഘത്തെ കണ്ട പരിഭ്രാന്തിയിൽ വീടിനു സമീപത്തെ റോഡിൽ വെച്ച് യുവാവ് കൈയിലുണ്ടായിരുന്ന പാക്കറ്റ് വിഴുങ്ങുകയായിരുന്നു. എന്നാൽ, പിന്നീട് തുടർപരിശോധനയിൽ, ലഹരിമരുന്ന് അടങ്ങിയ മറ്റൊരു പാക്കറ്റ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തുകയായിരുന്നു. യുവാവിന്റെ ആരോഗ്യനിലയിൽ നിലവിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും എക്സൈസ് അറിയിച്ചു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു താമരശ്ശേരി എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ എ.ജി. തമ്പിയുടെ നേതൃത്വത്തിൽ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ഐബി പ്രിവന്റീവ് ഓഫീസർ പി. സുരേഷ് ബാബു, റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസർ അജീഷ്, സിഇഒ സി.വി. ഷാജു, ഡ്രൈവർ ഷിതിൻ എന്നിവരുൾപ്പെട്ട സംഘം പരിശോധനയ്ക്കെത്തിയത്. 


Post a Comment

Previous Post Next Post