കൊച്ചി: മറ്റൊരാളില്‍ നിന്നും വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രീമിയം അടച്ചിട്ടുള്ളതിനാല്‍ വാഹന ഉടമസ്ഥത മാറിയത് ഇന്‍ഷുറന്‍സ് ബാധ്യതയെ ബാധിക്കില്ല.
കരാര്‍ ലംഘനമുണ്ടെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകൂവെന്നും ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് വ്യക്തമാക്കി. വാഹനത്തിന്റെ ഉടമസ്ഥത (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) കൈമാറിയില്ലെന്നതിന്റെ പേരില്‍ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് നിഷേധിച്ച ഇന്‍ഷുറന്‍സ് തുക അനുവദിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
പാലക്കാട് സ്വദേശി എന്‍.ജെ ജോസഫിന്റെ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. ഹര്‍ജിക്കാരന്റെ മകന്‍ 2023 സെപ്റ്റംബര്‍ 21ന് മറ്റൊരു വ്യക്തിയില്‍ നിന്നും ഇരുചക്രവാഹനം വാങ്ങി. ഉടമസ്ഥത മാറ്റാനുള്ള അപേക്ഷയും അന്നുതന്നെ നല്‍കി. സെപ്റ്റംബര്‍ 27ന് ഉണ്ടായ അപകടത്തില്‍ അനീഷ് മരിച്ചു.
എന്നാല്‍, അപകട സമയത്ത് ഇന്‍ഷുറന്‍സ് പോളിസി ആദ്യ ഉടമയുടെ പേരിലാണെന്നു പറഞ്ഞ് നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുക നിഷേധിച്ചു. ഇത് ഇന്‍ഷൂറന്‍സ് ഓംബുഡ്സ്മാനും ശരിവെച്ചു. ഇതിനെയാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.