തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുറമേ സ്വകാര്യ ബസ്സുകളിലും വിദ്യാർത്ഥി കൺസെഷൻ ഓൺലൈനാകും. മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പ് വഴിയാണ് യാത്രാ സൗജന്യം. കൺസെഷൻ സംബന്ധിച്ചുള്ള തർക്കം ഒഴിവാകും എന്നതാണ് നേട്ടം. പഠന ആവശ്യങ്ങൾക്ക് മാത്രമായി വിദ്യാർത്ഥികളുടെ യാത്ര നിയന്ത്രിക്കാൻ പുതിയ സംവിധാനത്തിൽ കഴിയും.
കൺസെഷൻ ആവശ്യമുള്ള വിദ്യാർത്ഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് അതിലൂടെ അപേക്ഷിക്കണം. യാത്ര ചെയ്യേണ്ട പാത സഹിതം വിദ്യാലയ അധികൃതർ കൺസെഷന് ശുപാർശ നൽകണം. ഇത് പരിശോധിച്ച് അതാത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ കൺസെഷൻ അനുവദിക്കും.
ക്യുആർ കോഡുള്ള കൺസെഷൻ കാർഡാണ് ഓൺലൈനിൽ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈൽ ഫോണിൽ ഇത് സ്കാൻ ചെയ്യുമ്പോൾ ഏത് പാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിക്കാം.
സ്വകാര്യ ബസ്സുകളിലെ യാത്രാ സൗജന്യം സംബന്ധിച്ച വിശദ വിവരങ്ങൾ ഇതിലൂടെ സർക്കാരിന് ലഭ്യമാകും. സർക്കാർ അംഗീകൃത വിദ്യാലയങ്ങൾക്ക് മാത്രമേ കൺസെഷന് ശുപാർശ ചെയ്യാൻ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാർത്ഥികളും ആപ്പിൽ രജിസ്റ്റർ ചെയ്യണം.