പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കാണാതായ പതിനാലുകാരായ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനുമാണ് മരിച്ചത്. ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. 
ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നുപോയ ഇവര്‍ പതിവുപോലെ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. പിന്നീടാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു.
ചിറ്റൂര്‍ ശിവന്‍കോവിലിലെ കുളത്തില്‍ നിന്നാണ് ആദ്യം ലക്ഷ്മണിൻ്റെയും പിന്നീട് രാമൻ്റെയും മൃതദേഹം കണ്ടെത്തിയത്. രാമന്റെ വസ്ത്രങ്ങള്‍ പുറത്ത് ഊരിവച്ചിരുന്നു. രണ്ടു പേർക്കും നീന്തലറിയില്ല. ഒരാള്‍ അപകടത്തില്‍പെട്ടപ്പോള്‍ അടുത്തയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.