Trending

നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് നിലവിൽ വന്നു; നവംബർ 30 വരെ എൻറോൾ ചെയ്യാം.


തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ നിലവിൽ വന്നു. നാലു ലക്ഷത്തിലധികം പേർക്ക് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി.ജി.എം ജോയ്സ് സതീഷ് നോർക്ക റൂട്‌സ് സി.ഇ.ഒ അജിത് കൊളശ്ശേരിക്ക് കൈമാറി. നോർക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി അനുപമ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. 

രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നത്. നോർക്ക കെയർ പദ്ധതിയിൽ ചേരാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്കാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാവുക. രണ്ടു മക്കളടക്കം നാലുപേരടങ്ങുന്ന കുടുംബത്തിന് 13,411 രൂപയോ, 563 ദിർഹമോ ആണ്‌ പ്രീമിയം. അധികം കുട്ടികളിൽ ഓരോരുത്തർക്കും 4130 രൂപയോ 173 ദിർഹമോ അടയ്ക്കണം. വ്യക്തിക്ക് 8101 രൂപയോ 340 ദിർഹമോ ആണ് പ്രീമിയം തുക. 

രണ്ടാം ഘട്ടത്തിൽ പ്രവാസികളുടെ രക്ഷിതാക്കളെയും പരിധിയിൽ കൊണ്ടുവരും. 18 മുതൽ 70 വയസ്സുവരെയാണ് പ്രായപരിധി. ഗ്രൂപ്പ് മെഡിക്ലെയിം അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുക. അലോപ്പതിക്ക് പുറമെ ആയുർവേദവും ഇൻഷുറൻസ് പരിധിയിൽ വരും. ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് 10 ലക്ഷം രൂപയാണ്‌. നോർക്ക വെബ്‌സൈറ്റ്‌, ആപ്ലിക്കേഷൻ എന്നിവ വഴി രജിസ്റ്റർ ചെയ്യാം. കേരളത്തിലെ 500ൽ അധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികളിൽ പദ്ധതിയുടെ സേവനം ലഭ്യമാകും.

Post a Comment

Previous Post Next Post