Trending

20 ലക്ഷം രൂപയുടെ എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ.

മലപ്പുറം: വില്‍പ്പനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്‌മാനെ (32) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. 416 ഗ്രാം എംഡിഎംഎയാണ് അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്‌ജിൽ നിന്നും പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയത്.

മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളിൽ ഇയാൾ കായികാധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താഫിറ്റമിന്‍ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തിക്കുന്നത്. പ്രത്യേക കാരിയര്‍മാര്‍ വഴിയാണ് ലഹരിക്കടത്ത് സംഘം പ്രവർത്തിക്കുന്നത്. കളിപ്പാട്ടങ്ങളിലും മറ്റും ഒളിപ്പിച്ചാണ് ജില്ലയിൽ പല ഭാഗത്തേക്കും ലഹരി വസ്‌തുക്കൾ എത്തിക്കുന്നത്. ഹൈവേ പരിസരങ്ങളിലുള്ള പ്രത്യേക സ്‌പോട്ടുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.  

ഡാന്‍സാഫ് എസ്ഐ ഷിജോ സി. തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എൻ.ഒ.സിബി, പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എ.പ്രേംജിത്ത്, ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടന്നത്. ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post