നന്മണ്ട: റോഡരികിൽ വച്ച് വീണുകിട്ടിയ ഒരു പവൻ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി. നന്മണ്ട 14 സ്വദേശി തേങ്ങാ കച്ചവടക്കാരനായ കോയ ആണ് നന്മയുടെ ദേശമായ നന്മണ്ടക്ക് അഭിമാനമായത്. സ്വർണ്ണമാല നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച ‘വാർത്താലിങ്കിലൂടെ വാർത്ത നൽകിയിരുന്നു.
വെസ്റ്റ് ഇയ്യാട് സ്വദേശി കുതിരമ്മൽ രാജേഷിൻ്റെ കയ്യിൽ നിന്നും വ്യാഴാഴ്ച വൈകീട്ടാണ് ബൈക്കിൽ സഞ്ചരിക്കവേ സ്വർണ്ണമാല നഷ്ടപ്പെട്ടത്. ബാലുശ്ശേരി ജ്വല്ലറിയിൽ നിന്നും മാല വാങ്ങി വീട്ടിലേക്ക് പോകവേയാണ് മാല നഷ്ടമായത്. സ്വർണ്ണമാല ലഭിച്ച വിവരം കോയ അറിയിച്ചതിനെ തുടർന്ന് നന്മണ്ട 14-ൽ എത്തി രാജേഷ് മാല ഏറ്റുവാങ്ങി.
സ്വർണ്ണവില ഏറ്റവും ഉയർന്ന് നിൽക്കുന്ന ഈ അവസരത്തിൽ ഒരു പവൻ തിരികെ ഏൽപ്പിച്ച് ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് നന്മണ്ട സ്വദേശിയായ കോയയിൽ നിന്ന് ഉണ്ടായതെന്ന് ഏവരും സാക്ഷ്യപ്പെടുത്തുന്നു.