പേരാമ്പ്ര: പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ ലാത്തിച്ചാര്‍ജ് നടത്തി പോലീസ്. പൊലീസ് കണ്ണീർ വാതക പ്രയോഗവും നടത്തി. ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്കും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാമ്പ്ര-കുറ്റ്യാടി സംസ്ഥാന പാത മൂന്നു മണിക്കൂറോളം ഉപരോധിച്ച യുഡിഎഫ് പ്രവർത്തകർ പോലീസിനെ കല്ലെറിയുകയും കൊടികെട്ടിയ വടികൾ എറിയുകയുമായിരുന്നു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ അക്രമം നടത്തിയതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചെങ്കിലും രക്ഷയില്ലാതായതോടെ ലാത്തി വീശുകയായിരുന്നു. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലത്തെ സംഘർഷത്തെ തുടർന്ന് കോൺഗ്രസ് ഇന്ന് പേരാമ്പ്ര ടൗണിൽ ഹർത്താൽ ആചരിച്ചിരുന്നു.
പോലീസ് ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു. സിപിഎം പ്രവർത്തകർ ആയുധവുമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രതിഷേധം ഡിവൈഎസ്പി തടഞ്ഞത്. പ്രവർത്തകരെ ശാന്തരാക്കാനാണ് ഷാഫി പറമ്പിൽ എംപിയും താനും എത്തിയതെന്നും പ്രവീൺകുമാർ പറഞ്ഞു.