മുക്കം: മുക്കം കാരശ്ശേരിയിൽ യുവതി ഭർത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം. കൂമ്പാറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) ആണ് മരിച്ചത്. മാതാവ് കാരമൂല ഇളയിടത്ത് സൈദത്തുന്നിസ മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പിക്ക് പരാതി നല്‍കി.
രണ്ടുകുട്ടികളുടെ മാതാവായ ഷഹർബാനെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭർത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ മുട്ടുകുത്തി നില്‍ക്കുന്ന നിലയിലായിരുന്നു മകളെ കണ്ടതെന്നാണ് അറിയാൻ സാധിച്ചതെന്നും ഫോണിലെ മെസേജുകള്‍ വീട്ടുകാർ തന്നെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചതായി ഷഹർബാന്റെ മകള്‍ പറഞ്ഞറിഞ്ഞതായും പരാതിയില്‍ പറയുന്നു. ഭർത്താവ് ഉപദ്രവിക്കുകയും വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും 14 പവൻ സ്വർണവും മഹറും വീട്ടുകാർ എടുത്തത് തിരിച്ചുനല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.