നാദാപുരം: വിനോദസഞ്ചാര കേന്ദ്രമായ ഉറിതൂക്കിമല സന്ദർശിച്ച് തിരിച്ചിറങ്ങുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. രണ്ട് പേർക്ക് പരിക്ക്. നാദാപുരം പുളിക്കൂലിലെ പള്ളി താഴക്കുനിയിൽ റിഷാലാണ് (16) മരിച്ചത്. സാരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന മാണിക്കോത്ത് മുഹമ്മദ് റിഷാൽ അബ്ദുല്ലയെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജിലും, നെയിറ്റ്യാട്ടിൽ ഫയാസിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ടാണ് അഞ്ചംഗ സംഘം ഉറിതൂക്കി മലയിൽ എത്തിയത്. സന്ദർശനം കഴിഞ്ഞ് മലിറങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോരാേട് എം.ഐ.എം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയാണ് റിഷാൽ. പിതാവ്: റഫീഖ്. മാതാവ്: റസീന.