കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അസം സ്വദേശി നജിറുൾ അലി(20)യാണ് മരിച്ചത്. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റ ആറുപേരെ മംഗലാപുരം യേനപ്പോയ ആശുപത്രിയിലും രണ്ടു പേരെ കുമ്പള ഡോക്റ്റേഴ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
100 പേരായിരുന്നു അപകട സമയത്ത് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. ആകെ 300 പേർ ജോലിയെടുക്കുന്ന ഫാക്ടറിയാണിത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഫാക്ടറീസ് ആൻഡ് ബോയിൽ വകുപ്പിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ നിർദ്ദേശിച്ചു. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടിയെന്ന് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.