Trending

ഇനി കുറഞ്ഞ നിരക്കില്‍ യാത്ര; വരുന്നു ഭാരത് ടാക്‌സി, ഡ്രൈവര്‍മാര്‍ ഓഹരിയുടമകൾ.


ന്യൂഡൽഹി: ഒല, ഊബര്‍ പോലുള്ള സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുമായി മത്സരിക്കാൻ വരുന്നു ഭാരത് ടാക്സി. നഗര യാത്ര എളുപ്പമാക്കുന്നതിനും ഉയര്‍ന്ന ടാക്‌സി നിരക്കില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാറാണ് ഭാരത് ടാക്‌സി എന്ന പേരിൽ സര്‍വീസ് ആരംഭിക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്റെയും കീഴിലാണ് ‘ഭാരത് ടാക്‌സി’ ആരംഭിക്കുന്നത്.

രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്‌സി സേവനമാണിത്. ഇത് ഡ്രൈവര്‍മാര്‍ക്ക് സഹ ഉടമകളും ഓഹരി ഉടമകളുമാകാന്‍ അവസരം നല്‍കും. ഡല്‍ഹിയില്‍ പരീക്ഷണഘട്ടം നവംബറില്‍ ആരംഭിക്കും. ഡിസംബറോടെ രാജ്യത്തെ തെരഞ്ഞെടുത്ത 20 നഗരങ്ങളില്‍ക്കൂടി സേവനം ലഭ്യമാക്കും. യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കുകളാകും ഏര്‍പ്പെടുത്തുക.

ഇവിടെ, കാബ് ഡ്രൈവര്‍മാര്‍ക്ക് അവരുടെ വരുമാനത്തിന്റെ 100 ശതമാനം ലഭിക്കും. മറ്റു സ്വകാര്യ പ്ലാറ്റ്ഫോമുകളില്‍ നിലവിലുള്ള കമ്മീഷന്‍ അധിഷ്ഠിത സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായ സേവനമാണ് ഇവിടെ ലഭിക്കുക. ഇത് യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കും. ഭാരത് ടാക്‌സികളിലെ ഡ്രൈവര്‍മാരെ സാരഥികള്‍ എന്നുവിളിക്കും. ഡല്‍ഹിയില്‍ ആദ്യഘട്ടത്തില്‍ 650 ഡ്രൈവര്‍മാര്‍ പങ്കാളികളാകുന്നത്. ഡിജിലോക്കര്‍, ഉമാങ് പോലുള്ള പ്ലാറ്റ്ഫോമുകളുമായി സേവനം സംയോജിപ്പിച്ചേക്കും.

ഡ്രൈവര്‍മാര്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ കഴിയുന്നതാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണീയത. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി, ഭാരത് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും. ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങളെക്കുറിച്ച് പതിവായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചത്.

Post a Comment

Previous Post Next Post