കോഴിക്കോട്: കോഴിക്കോട് ഫറോക്കിലുള്ള മലബാറി ഫാഷൻ ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ ആരോളി അമൃതം വീട്ടിൽ താമസിക്കുന്ന അഭിഷേക് (25), പേരാവൂർ ഇടപ്പറ വീട്ടിൽ താമസിക്കുന്ന അഷ്‌റഫ് (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴായ്ച ഫറോക്കിലുള്ള മലബാറി ഫാഷൻ ജ്വല്ലറിയിൽ നിന്നും നാല് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഒന്നാംപ്രതി അഭിഷേക് ആവശ്യപ്പെടുകയും തന്റെ മൊബൈൽ ഫോണിൽ നിന്നും എൻഇഎഫ്ടി വഴി 4 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും ട്രാൻസാക്ഷൻ സക്സസ് ഫുൾ എന്ന സ്ക്രീൻഷോട്ട് ജ്വല്ലറി ഉടമയെ കാണിക്കുകയും ചെയ്തു.
ട്രാൻസാക്ഷൻ എൻഇഎഫ്ടി ആയതിനാൽ അല്പസമയത്തിനുള്ളിൽ അക്കൗണ്ടിൽ ക്യാഷ് കയറും എന്ന് ജ്വല്ലറി ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി നാല് പവൻ സ്വർണവുമായി കടന്നു കളയുകയായിരുന്നു. സെർവറുമായി ബന്ധപ്പെട്ട് എന്തെങ്കിലും തകരാരാണെന്ന് വിശ്വസിച്ച കട ഉടമ 2 ദിവസം കഴിഞ്ഞിട്ടും ക്യാഷ് അക്കൗണ്ടിൽ വരാത്തതിനെ തുടർന്ന് ആണ് ഫറോക്ക് പോലീസിൽ വിവരം അറിയിച്ചത്.
രണ്ടാംപ്രതി അഷ്‌റഫിന്റെ സഹായത്തോടെ സ്വർണം രാമനാട്ടുകരയിൽ ഉള്ള രണ്ട് ജ്വല്ലറികളിൽ വിൽപ്പന നടത്തുകയും കിട്ടിയ കാശ് കൊണ്ട് അഭിഷേകും സുഹൃത്തും കരിപ്പൂർ എയർപോർട്ടിൽ നിന്നും ഡൽഹിയിലേക്കും പോയി. ഡൽഹിയിൽ ലക്ഷ്വറി ഹോട്ടലിൽ ആഡംബര ജീവിതം നയിക്കുകയും അവിടെനിന്നും ഹൈദരാബാദിലേക്കും ഹൈദരാബാദിൽ നിന്നും കണ്ണൂരിലേക്കും വിമാനയാത്ര നടത്തി ആഡംബര യാത്രയും ചെലവുകളും നടത്തി പണം ചെലവഴിച്ചു.
ജ്വല്ലറിയിലെ സിസിടിവിയിൽ നിന്നും കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ ഇയാൾ വിവിധ സ്ഥലങ്ങളിലായി ഇതേ തട്ടിപ്പിന് പത്തോളം കേസുകളുള്ള വ്യക്തിയാണെന്ന് മനസ്സിലായി. വടകരയിൽ ഒരു ജ്വല്ലറിയിൽ ഇതേ മാതൃകയിൽ 15 ലക്ഷം രൂപയുടെ സ്വർണ്ണ വാങ്ങാൻ ഒരുങ്ങുന്ന സമയത്താണ് അഭിഷേകിനെ പിന്തുടർന്ന് ക്രൈം സ്‌ക്വാഡും ഫറോക്ക് പോലീസും പിടികൂടുന്നത്.
ഇതറിഞ്ഞ വടകര ജ്വല്ലറി ഉടമ ഇപ്പോഴും ഞെട്ടലിലാണ്. പ്രതി കരിപ്പൂരിലേക്ക് യാത്ര ചെയ്തതായി മനസ്സിലാക്കിയ പോലീസ് പ്രതിയെ നിരീക്ഷണത്തിൽ വച്ചു. കണ്ണൂർ എയർപോർട്ടിൽ ഇന്നലെ വന്നിറങ്ങിയ പ്രതി നേരെ വടകരയിലെ ഒരു ജ്വല്ലറിയിലെത്തി ഇതേ തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്യുന്നത്. ഒരു സ്ഥലത്തും കൃത്യമായി കൂടുതൽ നേരം ചെലവഴിക്കാതെ സ്ഥിരമായി യാത്ര ചെയ്യാൻ താല്പര്യം ഉള്ള വ്യക്തിയാണ് അഭിഷേക്.
അഭിഷേക്കിന്റെ സുഹൃത്ത് അഷ്റഫിനോട് 15 ലക്ഷത്തിന്റെ സ്വർണം കൂടി വടകരയിൽ നിന്നും അടിച്ചു മാറ്റിയിട്ടുണ്ടെന്നും അത് വിറ്റ് തരണമെന്നും അഭിഷേകിനോട് പറയിപ്പിച്ച് എറണാകുളത്ത് നിന്നും അഷ്‌റഫിനെ പോലീസ് വിളിച്ചുവരുത്തി രാമനാട്ടുകാരയിൽ വച്ച് പിടികൂടുകയായിരുന്നു.
എൻഇഎഫ്ടി ട്രാൻസ്ഫർ മൊബൈൽ ഫോണിൽ നിന്നും നടത്തുന്ന സമയം ട്രാൻസാക്ഷൻ സക്സസ്ഫുൾ എന്ന് കാണിക്കുമെങ്കിലും മിനിമം ഒരു മണിക്കൂറിനു ശേഷമെങ്കിലുമാണ് യഥാർത്ഥ മെസ്സേജ് ബാങ്കിൽ നിന്നും ലഭിക്കുക. ഈ അവസരം മുതലെടുത്താണ് പ്രതികൾ ഇത്തരം തട്ടിപ്പ് നടത്തുന്നത്.
ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വേഡ് അംഗങ്ങളായ എസ്ഐ സുജിത് പി.സി, എഎസ്ഐ അരുൺകുമാർ മാത്തറ, എസ്‌സിപിഒ മാരായ വിനോദ്. ഐ.ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐ ലതീഷ് കുമാർ, എഎസ്ഐ അബ്ദുൽ റഹീം, എസ്‌സിപിഒ മാരായ അഷ്റഫ്, സുഖഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.