Trending

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോര്‍ജ് അന്തരിച്ചു.


ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോര്‍ജ് (97) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്നാണ് പൂര്‍ണനാമം. 2011-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. ജീവ ചരിത്രകാരന്‍, പത്രാധിപര്‍, കോളമിസ്റ്റ് തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്നു. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയര്‍മാനായിരുന്ന അദേഹം ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 2019-ല്‍ മാധ്യമ രംഗത്തെ മികവിന് കേരള സര്‍ക്കാര്‍ നല്‍കുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചു.

പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ആണ് സ്വദേശം. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനാണ് ജനനം. തിരുവനന്തപുരത്തും പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. 1950-ല്‍ ഫ്രീപ്രസ് ജേര്‍ണലിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്.

1965-ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിന് ടി.ജെ.എസ്. ജോര്‍ജിനെ സര്‍ക്കാര്‍ ജയിലില്‍ അടയ്ക്കുകയുണ്ടായി. 37-ാം വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട ടി.ജെ.എസ്. ജോർജ് സ്വതന്ത്ര ഇന്ത്യയില്‍ ജയിലിൽ അടയ്ക്കപ്പെടുന്ന ആദ്യ പത്രാധിപരായി. പത്രപ്രവര്‍ത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'ഘോഷയാത്ര' എന്ന പുസ്തകം ശ്രദ്ധേയമാണ്. ഭാര്യ: പരേതയായ അമ്മു. മക്കള്‍: എഴുത്തുകാരനായ ജീത് തയ്യില്‍, ഷെബ.

Post a Comment

Previous Post Next Post