ന്യൂഡൽഹി: രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദ്ദേശത്തിനും ശേഷം മാത്രം മതി.
മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗിയായ കുട്ടിയ്ക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദ്ദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. ഈ മാർഗ്ഗനിർദ്ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശ്ശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പരിശോധനയിൽ കഫ് സിറപ്പുകളിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.