കോഴിക്കോട്: ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ വലത് കൈ കൊണ്ട് എഴുതാൻ നിർബന്ധിച്ചെന്ന് പരാതി. സ്കൂളില്‍ ഇടത് കൈ കൊണ്ട് എഴുതാൻ ഒരു വിദ്യാർത്ഥിയെയും അനുവദിക്കില്ലെന്ന് അധ്യാപകർ പറഞ്ഞതായാണ് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് കുളങ്ങരപീഡികയിലെ ആസെന്റ് ഇംഗ്ലീഷ് സ്‌കൂളിനെതിരെയാണ് ആരോപണം. വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയർ കമ്മറ്റിക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി. ആസെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്.
സ്കൂളില്‍ പോകാൻ കുട്ടി വിസമ്മതിച്ചതോടെ കാരണം അന്വേഷിച്ചപ്പോഴാണ് സ്കൂളില്‍ നിന്ന് നേരിട്ട മാനസിക സമ്മർദ്ദം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂളിലെത്തി അധ്യാപകരോട് സംസാരിച്ച് ധാരണ ആയെങ്കിലും വീണ്ടും ഇടതു കൈ കൊണ്ടെഴുതുന്നത് അധ്യാപകർ വിലക്കി. വലതു കൈ കൊണ്ട് എഴുതുന്നത് മാത്രമേ അംഗീകരിക്കാനാവൂ എന്ന് അധ്യാപകർ പറഞ്ഞതായും രക്ഷിതാക്കള്‍ പറയുന്നു. വലതു കൈകൊണ്ട് എഴുതുന്ന കുട്ടികള്‍ മതിയെന്നും ഇടത് കൈകൊണ്ട് എഴുതുന്ന കുട്ടികള്‍ വേണ്ടെന്നും. സ്‌കൂള്‍ മാറ്റണമെന്നും അധ്യാപകർ പറഞ്ഞതയി രക്ഷിതാക്കൾ പറഞ്ഞു.
ലോകത്ത് നിരവധി മഹാന്മാർ ഇടത് കൈകൊണ്ട് എഴുതുന്നവരാണെന്ന് പറഞ്ഞ് കൊടുത്തിട്ടും സ്‌കൂള്‍ അധികൃതർ അവയൊന്നും മുഖവിലക്കെടുത്തില്ല. ഇതേ സ്കൂളില്‍ മറ്റൊരു വിദ്യാർത്ഥിക്കും സമാനമായ അനുഭവമുണ്ടായതായും തുടർന്ന് സ്കൂള്‍ മാറ്റിയെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ രക്ഷിതാവ് ചൈല്‍ഡ് വെല്‍ഫെയർ കമ്മറ്റിക്ക് പരാതി നല്‍കി. അതേസമയം വിദ്യാർത്ഥിയെ കൈ മാറ്റി എഴുതാൻ നിർബന്ധിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.