മുക്കം: കാരശ്ശേരി തേക്കുംകുറ്റി വീടിനകത്ത് പാചകവാതക സിലിണ്ടർ ചോർന്ന് തീ ആളിപ്പടർന്നു. മുക്കം അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം. തേക്കുംകുറ്റി കപ്പാല സ്വദേശി തോണ്ടിക്കര പറമ്പ് പ്രകാശന്റെ വീട്ടിലെ എൽപിജി സിലിണ്ടറാണ് ചോർന്നതിനെ തുടർന്ന് തീപിടിച്ചത്. റെഗുലേറ്റർ മാറ്റിസ്ഥാപിച്ച് ഗ്യാസ് ഉപയോഗിക്കാൻ തുടങ്ങുന്നതിനിടയിലാണ് തീപിടിച്ചത്.
ശനിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്തു തീ അണയ്ക്കുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഇലക്‌ട്രിക് ഉപകരണങ്ങളും വയറിങ് സാമഗ്രികളും മറ്റുവസ്തുക്കളും കത്തിനശിച്ചു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുരേഷ് മേലേടത്ത്, വൈ.പി ഷറഫുദ്ദീൻ, ജിഗേഷ്, എൻ.പി അനീഷ്, ടി.പി ശ്രീജിൻ, ജിതിൻ, ജോളി ഫിലിപ്പ്, രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.