കോഴിക്കോട്: ഒട്ടേറെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഓൺലൈൻ ചൂതാട്ടത്തിൽ സജീവം. റൂറൽ ജില്ലയിലെ ചില ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് ചൂതാട്ടം നടത്താൻ ചിലർ പണം കൈമാറുന്നതായി പോലീസിനും ശിശു സംരക്ഷണ വിഭാഗത്തിനും വിവരം ലഭിച്ചു. ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട വിദ്യാർത്ഥികളെ ചിലർ മാനസികമായി പീഡിപ്പിക്കുന്നതായും പരാതിയുണ്ട്. കൊടുവള്ളിയിൽ നിന്നു കഴിഞ്ഞ ദിവസം രണ്ടു കുട്ടികൾ വീടുവിട്ടിറങ്ങിയത് ഇങ്ങനെയാണ്. കുട്ടികളെ ബെംഗളൂരുവിൽ നിന്നു കൊടുവള്ളി പോലീസ് കണ്ടെത്തി ജില്ലാ ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടികൾക്ക് ചൂതാട്ടത്തിനു 2,000 രൂപ മുതൽ 6,000 രൂപ വരെ കൊടുവള്ളി, താമരശ്ശേരി മേഖലയിലെ ചിലർ നൽകുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഫോണിലും മറ്റുമാണ് ആപ്പ് വഴി ചൂതാട്ടം നടത്തുന്നതെന്നാണ് കുട്ടികളിൽ നിന്നു പോലീസിന് ലഭിച്ച വിവരം. കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശിശുക്ഷേമ സമിതിക്കു (സിഡബ്ല്യുസി) കൈമാറിയതായി കൊടുവള്ളി പോലീസ് പറഞ്ഞു. ചൂതാട്ട സംഘത്തിന്റെ വലയിൽ അകപ്പെടുന്നത് ഏറെയും സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ വിദ്യാർത്ഥികളാണ്.
കൊടുവള്ളിയിലെ കുട്ടികൾക്ക് കൗൺസലിങ് നൽകിയപ്പോഴാണ് സംഭവത്തെക്കുറിച്ചു ശിശു സംരക്ഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. കുട്ടികൾക്ക് പണം നൽകിയ ഇരുപതോളം പേരുടെ വിവരങ്ങൾ ശേഖരിച്ച് തുടരന്വേഷണം നടത്താൻ കൊടുവള്ളി പോലീസിനു സിഡബ്ല്യുസി റിപ്പോർട്ട് നൽകി. ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട സംഘം കുട്ടികളിൽ നിന്നു പണം പിടിച്ചെടുക്കാൻ ഭീഷണിപ്പെടുത്തിയതോടെയാണ് കുട്ടികൾ നാടുവിട്ടതെന്നാണ് പറയുന്നത്.