കൊയിലാണ്ടി: കരാറുകാർക്ക് ലഭിക്കേണ്ട തുക തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിൽ സസ്പെൻഷനിലായ കൊയിലാണ്ടി കെട്ടിട വിഭാഗത്തിലെ സീനിയർ ക്ളർക്ക് റിമാൻഡിൽ. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ സീനിയർ ക്ലർക്ക് നീതു ബാലകൃഷ്ണനാണ് റിമാൻഡിലായത്. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് നീതുവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.
ബുധനാഴ്ച കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരായ നീതുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്ത പ്രതിയെ മാനന്തവാടി വനിതാ ജയിലിലേക്ക് കൊണ്ടു പോയി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ പൊതുമരാമത്ത് പ്രവൃത്തികൾ ചെയ്യുന്ന സനൂപ് സി.പി എന്ന കരാറുകാരൻ ഉൾപ്പെടെ ആറ് കരാറുകാർ ഏറ്റെടുത്ത വിവിധ പ്രവൃത്തികളുടെ ബിൽ തുകയായ 16 ലക്ഷം രൂപ അതാത് കരാറുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് പകരം നീതു ബാലകൃഷ്ണൻ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കേസ്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും അതീവ ഗുരുതരമായ ക്രമക്കേടും ഗുരുതരമായ അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ നീതു ബാലകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു.