Trending

ഫീസ് അടയ്ക്കാൻ വൈകിയതിന് പ്രധാനാധ്യാപികയുടെ ക്രൂരത; യുകെജി വിദ്യാർത്ഥിയെ സ്കൂൾ ബസ്സിൽ കയറ്റിയില്ല.


മലപ്പുറം: ചേലേമ്പ്ര എഎല്‍പി സ്‌കൂളില്‍ ബസ്സിന്റെ ഫീസ് അടക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ചെന്ന് പരാതി. സ്‌കൂള്‍ ബസ്സില്‍ കയറാനിരിക്കവേ അഞ്ച് വയസ്സുകാരനെ പ്രധാനാധ്യാപികയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ തടഞ്ഞു. രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചതെന്നുമാണ് പരാതി. രണ്ടു മാസത്തെ സ്‌കൂള്‍ ബസ് ഫീസായ 1000 രൂപ അടയ്ക്കാന്‍ വൈകിയതിനാണ് പ്രധാനാധ്യാപികയുടെ ക്രൂരത. സംഭവത്തില്‍ കുടുംബം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കും ബാലാവകാശ കമ്മീഷനും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

ഇനി സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥിയെ അയക്കില്ലെന്ന് കുടുംബം പറഞ്ഞു. പ്രധാനാധ്യാപിക ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായില്ലെന്നും മാതാവ് പറഞ്ഞു. 'സാധാരണ പോലെ കുട്ടി വീട്ടില്‍ നിന്നിറങ്ങി. ബസ് വന്നപ്പോള്‍ കൂടെയുള്ളയാളെ കയറ്റുകയും ഇവനെ കയറ്റാതിരിക്കുകയും ചെയ്തു. അമ്മ പൈസ തന്നില്ലെന്നും അതുകൊണ്ട് കയറേണ്ടെന്നും കുട്ടിയോട് പറഞ്ഞു. ഉടന്‍ തന്നെ ബസ് ഡ്രൈവര്‍ പ്രധാന അധ്യാപികയെ വിളിച്ചു. രക്ഷിതാവുണ്ടോയെന്ന് എച്ച്എം ചോദിച്ചു. ഇല്ലെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ കുട്ടി പൈസ തന്നിട്ടില്ല, കയറ്റേണ്ടെന്ന് പറഞ്ഞു. പിന്നാലെ ബസ് പോയി. കുട്ടിക്ക് കണ്ണില്‍ വെള്ളം വന്നു. അടുത്തുണ്ടായ ഒരു സ്ത്രീയാണ് കുട്ടിയെ വീട്ടില്‍ കൊണ്ടുവിട്ടത്', മാതാവ് പറഞ്ഞു. ഉടന്‍ തന്നെ താന്‍ പ്രധാനാധ്യാപികയെ വിളിച്ചെന്നും ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്ന് ചോദിച്ചെന്നും മാതാവ് പറഞ്ഞു. പൈസ അടച്ചില്ലല്ലോയെന്നും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നുമായിരുന്നു അധ്യാപികയുടെ മറുപടി. തനിക്ക് സങ്കടം സഹിക്കാന്‍ വയ്യാതെ യുകെജി ഗ്രൂപ്പിലും സ്‌കൂള്‍ ഗ്രൂപ്പിലും മെസേജ് അയച്ചെന്നും എന്നാല്‍ ആ മെസേജിനെയാണ് ടീച്ചര്‍ കുറ്റമായി കണക്കാക്കുന്നതെന്നും മാതാവ് പറഞ്ഞു.

'ടീച്ചര്‍ ചെയ്തത് തെറ്റല്ല, ഞാന്‍ മെസേജ് അയച്ചതാണ് ടീച്ചര്‍ കുറ്റമായി കണക്കാക്കുന്നത്. കാശ് ഞാന്‍ അന്ന് തന്നെ അടച്ചു. ഞാന്‍ തന്നെ കുട്ടിയെ ക്ലാസ്സിലേക്ക് അയച്ചു. എന്നോട് ടീച്ചര്‍ മിണ്ടിയില്ല. തെറ്റ് ചെയ്തത് അവരാണ്. ടീച്ചര്‍ ഇതുവരെ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ മാനേജര്‍ വന്നു. സ്‌കൂള്‍ വാഹനം വരുന്നത് വെറുതയല്ലെന്ന് പറഞ്ഞു. ഇങ്ങനത്തെ കേസുകളൊക്കെ ടീസി കൊടുത്ത് ഒഴിവാക്കുകയാണ് വേണ്ടതെന്ന് ടീച്ചര്‍ പറഞ്ഞു. ഞാന്‍ നിയമപരമായി പോകാമെന്ന് അറിയിച്ചു. നിയമത്തിന്റെ വഴിക്ക് വരട്ടെ. ടീച്ചര്‍ മാപ്പ് പറഞ്ഞാലും കുട്ടിയെ സ്‌കൂളിലേക്ക് വിടില്ല', മാതാവ് പറഞ്ഞു.

Post a Comment

Previous Post Next Post