Trending

‘സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെ'; ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി.


കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്ന് രക്ഷിതാവ് അ‌റിയിച്ചതിനെ തുടർന്നാണ് ഇത് രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി അരുൺ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്. 

ഹർജി പരിഗണിച്ചപ്പോൾ മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ തയ്യാറാണെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുട്ടിക്ക് സ്കൂളിൽ തുടരാനാകില്ലെന്നും അതിനാൽ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്നും രക്ഷിതാവ് അറിയിക്കുകയായിരുന്നു.

സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി യൂണിഫോമിനൊപ്പം ഹിജാബും (ശിരോവസ്ത്രം) ധരിച്ചെത്തിയതാണ് തർക്കത്തിനു കാരണമായത്. ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്കൂൾ. ഇതേത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് സ്കൂൾ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്.

എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നായിരുന്നു കോടതിയിൽ സ്കൂളിന്റെ വാദം. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ സ്കൂളിൽ വിലക്കേർപ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റം എന്നായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ പ്രശ്നം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹമില്ലെന്ന കുട്ടിയുടെ നിലപാടിന് കോടതി പ്രാധാന്യം നൽകുകയായിരുന്നു.

കക്ഷികൾ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദ്ദേശത്തോട് സർക്കാരും സ്കൂൾ അധികൃതരും അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെയാണ് കോടതി ഹർജി തീർപ്പാക്കിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം നിലനിൽക്കട്ടേയെന്നും കോടതി പറഞ്ഞു. കോടതി നടപടിയിൽ തൃപ്തിയെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

Post a Comment

Previous Post Next Post