തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഇനിമുതൽ റേഷൻ കടകൾ തുറക്കുന്നത് രാവിലെ ഒൻപതിന്. നിലവിൽ രാവിലെ എട്ടു മുതലായിരുന്നു റേഷൻകടകളുടെ പ്രവർത്തനം. എന്നാൽ, റേഷൻ വ്യാപാരികളുടെ എതിർപ്പ് ശക്തമായതോടെയാണ് സമയക്രമം മാറ്റാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ഇനിമുതൽ റേഷൻകടകൾ രാവിലെ എട്ടിന് പകരം ഒൻപത് മണിക്കാകും തുറക്കുക. രാവിലെ 9 മുതൽ 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പ്രവർത്തിക്കുക.
2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമം അനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം റേഷൻസാധനങ്ങൾ തൊഴിൽ നഷ്ടം കൂടാതെ വാങ്ങാനാവുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ സമയം നിശ്ചയിച്ചത്. എന്നാൽ, ഇതിനെതിരെ റേഷൻ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂന്നുമാസം മുമ്പ് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ സമയമാറ്റം സംബന്ധിച്ച് റേഷൻ വ്യാപാരിരികൾക്ക് ഉറപ്പു നൽകിയെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. മന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.