ചെന്നൈ: വിമാനങ്ങള്‍ ഭാവിയില്‍ ലംബമായി ടേക്ക് ഓഫും ലാന്‍ഡിങ്ങും നടത്താനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന കണ്ടുപിടിത്തവുമായി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഒരുകൂട്ടം ഗവേഷകര്‍. ഒരു ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്ററിനെ വെര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച് ലംബമായി ലാന്‍ഡിങ് നടത്തിയായിരുന്നു പരീക്ഷണം. റോക്കറ്റ് കുറ്റമറ്റ രീതിയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി.
ഐഐടി മദ്രാസിലെ ഒരു കൂട്ടം ഗവേഷകരാണ് റോക്കറ്റിനാവശ്യമായ ഹൈബ്രിഡ് റോക്കറ്റ് ഇന്ധനം വികസിപ്പിച്ചെടുത്തത്. ഇതിന് ഓക്‌സിഡൈസറായി കംപ്രസ് ചെയ്ത വായുവാണ് ഉപയോഗിച്ചത്. സാധാരണഗതിയില്‍ വിമാനങ്ങളിലും മറ്റും ഓക്‌സിഡൈസര്‍ ദ്രാവകരൂപത്തിലാണ് ഉപയോഗിക്കുക. എന്നാല്‍, ഇവിടെ കംപ്രസ് ചെയ്ത വായു ഉപയോഗിക്കുകയായിരുന്നു. ഏത് വിമാനങ്ങളിലും എളുപ്പത്തില്‍ ലഭ്യമാക്കാവുന്നതാണ് കംപ്രസ് ചെയ്ത വായു. നിലവിലുള്ള വിമാനങ്ങളില്‍ ഈ സംവിധാനം കൊണ്ടുവന്നാല്‍ കൂടുതല്‍ സുരക്ഷ ലഭ്യമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഈ പരീക്ഷണം ഭാവിയില്‍ വിമാനങ്ങളില്‍ സാധ്യമായാല്‍ ടേക്ക് ഓഫിനോ ലാന്‍ഡിങ്ങിനോ റണ്‍വേകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമായി വരില്ല. ഏത് ദുഷ്കരമായ പ്രദേശത്തും പര്‍വതങ്ങളിലും ദ്വീപുകളിലും വിമാനം ലംബമായി ഉയര്‍ത്തുകയും ഇറക്കുകയും ചെയ്യാം. നിലവിൽ ഹെലിക്കോപ്റ്ററുകള്‍ക്ക് ഇതുണ്ടെങ്കിലും വിമാനങ്ങളെ അപേക്ഷിച്ച് അവയ്ക്ക് വേഗവും ദൂരപരിധിയും കുറവാണ്.