കോഴിക്കോട്: നഗരത്തിലെ ഫ്രാൻസിസ് റോഡ് കേന്ദ്രീകരിച്ച് പൊറോട്ട വിൽപ്പനയുടെ മറവിൽ നിരോധിത മാരക ലഹരിമരുന്നായ എംഡിഎംഎ വിറ്റിരുന്ന യുവാവ് പോലീസ് പിടിയിൽ. ഫ്രാൻസിസ് റോഡ് പരപ്പിൽ പി പി ഹൗസിൽ കെ.ടി അഫാമാണ് (24) പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്. വലിയ തോതിലാണ് ഇയാൾ എംഡിഎംഎ വിതരണം നടത്തിവന്നതെന്നാണ് സൂചന. ഇയാളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 30.27 ഗ്രാം എംഡിഎംഎയും 1.65 ലക്ഷം രൂപയും എംഡിഎംഎ ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്ന ഗ്ലാസ് പൈപ്പും പിടിച്ചെടുത്തു.
ഫ്രാൻസിസ് റോഡിൽ പൊറോട്ട വാങ്ങാൻ എത്തുന്ന ആവശ്യക്കാരായ യുവാക്കൾക്ക് എംഡിഎംഎ കൈമാറി വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എംഡിഎംഎ ഇയാൾക്ക് എവിടെനിന്നാണ് ലഭിച്ചിരുന്നത് എന്നതിനെ കുറിച്ചും ആർക്കൊക്കെയാണ് വിൽപ്പന നടത്തിയത് എന്നതിനെകുറിച്ചുമാണ് പോലീസ് അന്വേഷിക്കുന്നത്.
കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ്ഐ ജോസ് വി. ഡിക്രൂസ്, എസ്. കിരൺ, എഎസ്ഐമാരായ രാമചന്ദ്രൻ, എം.കെ.സജീവൻ, സി.പി.ടി.അജിത, എസ് സിപിഒ വി.കെ.ജിത്തു, ഡ്രൈവർ സിപിഒ എ.രഞ്ജിത്ത്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ്, എസ്ഐ അബ്ദുറഹ്മാൻ, എഎസ്ഐ അഖിലേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.