കോഴിക്കോട്: വെള്ളിപറമ്പ് ആറാം മൈലിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഫർഹാൻ (18) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാവൂർ കുറ്റിക്കടവ് സ്വദേശി സുഫിറലി (19)ക്ക് ഗുരുതരമായി പരിക്കേറ്റു. സുഫിറലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയിലായിരുന്നു അപകടം. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനെ മറി കടക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫർഹാനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും.