ന്യൂഡൽഹി: ഉപയോഗിച്ച ഫുഡ് കണ്ടെയിനറുകൾ കാറ്ററിംഗ് ജീവനക്കാരൻ വീണ്ടും ഉപയോഗിക്കാനായി കഴുകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി റെയിൽവേ. തമിഴ്‌നാട്ടിൽ നിന്ന് ബീഹാറിലേക്ക് പോയ അമൃത് ഭാരത് എക്‌സ്‌പ്രസിലാണ് സംഭവം നടന്നത്.
ദൃശ്യങ്ങളിലുള്ള ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റിയതായും ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത കമ്പനിയുടെ ലെെസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയെന്നും റെയിൽവേ അറിയിച്ചു. കമ്പനിക്ക് കനത്ത പിഴ ചുമത്തുമെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി) വ്യക്തമാക്കി.
യാത്രക്കാരിൽ ഒരാളാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പിന്നാലെ വീഡിയോ വലിയ രീതിയിൽ വെെറലാകുകയായിരുന്നു. രൂക്ഷമായ പ്രതികരണവുമായി യാത്രക്കാർ എത്തിയതോടെയാണ് റെയിൽവേ നടപടിയെടുത്തത്.