Trending

കാടുവെട്ട് യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി.

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാടുവെട്ടു തെഴിലാളിയായ യുവാവിനെ കാടുവെട്ടു യന്ത്രം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. പോരൂര്‍ ചാത്തങ്ങേട്ടുപ്പുറം നടുവില്‍പോല പ്രവീണ്‍(35) ആണ് മരിച്ചത്. പ്രതി കൂമന്തടി മൊയ്തീനെ(40) പോലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പ്രവീണ്‍ കാടുവെട്ടുന്ന തൊഴിലാളിയാണ്. ഇയാളുടെ കൂടെ നേരത്തെ പ്രതിയായ മൊയ്തീന്‍ കുട്ടിയും ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെ 6.45ന് എളങ്കൂര്‍ ചാരങ്കാവിലാണ് നാടിനെ നടുക്കിയ സംഭവം. കൊല്ലപ്പെട്ട പ്രവീണ്‍ ബൈക്കിലും സുഹൃത്തായ സുരേന്ദ്രന്‍ സ്‌കൂട്ടറിലുമായി വെട്ടിക്കാട്ടിരിയിലേക്ക് കാടുവെട്ടാന്‍ പോവുകയായിരുന്നു. ഈ സമയം പ്രതി ചാരങ്കാവ് അങ്ങാടിക്ക് സമീപം ഷെഡ്ഡില്‍ നില്‍ക്കുകയായിരുന്നു. സുരേന്ദ്രന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ പ്രതിയായ മൊയ്തീന്‍ ഇയാളുടെ അടുത്തെത്തി. തുടര്‍ന്ന് സമീപത്തെ കാട് വെട്ടാനായി യന്ത്രം ചോദിച്ചു. സ്‌കൂട്ടറില്‍ നിന്ന് യന്ത്രം എടുത്തു. ഇതിനിടെ ബൈക്കില്‍ പ്രവീണും സ്ഥലത്തെത്തി. തുടര്‍ന്നാണ് മൊയ്തീന്‍ കാടുവെട്ട് യന്ത്രം പ്രവീണിന്റെ കഴുത്തില്‍ വെച്ച് പ്രവര്‍ത്തിപ്പിച്ചത്. 

മാരകമായി മുറിവേറ്റ പ്രവീണ്‍ ബൈക്കില്‍ നിന്ന് പിറകിലേക്ക് മറിഞ്ഞുവീണു. പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മൊയ്തീനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രവീണിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post