Trending

വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ; ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നതെന്ന് സംശയം.


കൽപ്പറ്റ: തൊണ്ടയില്‍ കുരുങ്ങിയ എല്ലിന്‍കഷ്ണം എടുത്ത് മാറ്റിയ വീട്ടമ്മയെ തേടിയെത്തി നന്ദി സൂചകമായി അരികത്ത് ഇരുന്ന വയനാട്ടിലെ തെരുവുനായ ചത്തു. അജ്ഞാത‍ർ ഭക്ഷണത്തോടൊപ്പം വിഷം കലര്‍ത്തി നൽകിയതിന് പിന്നാലെ അവശനിലയിലായി നായ ചാവുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പിണങ്ങോട് ലക്ഷം വീട് കോളനികളിലെ വീടുകളിലും പരിസരപ്രദേശങ്ങളിലും സ്ഥിരം കാണാറുള്ള നായയുടെ വായില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എല്ലിന്‍ കഷ്ണം കുടുങ്ങിയിരുന്നു. കോളനിയിലെ തന്നെ നസീറ എന്ന വീട്ടമ്മ ഇത് എടുത്ത് മാറ്റി നായയുടെ ജീവന്‍ രക്ഷിച്ചതോടെയാണ് ഈ മിണ്ടാപ്രാണി വാര്‍ത്തകളില്‍ ഇടം നേടിയത്. നന്ദി സൂചകമെന്നോണം പിറ്റേന്ന് നസീറയെ തേടിയെത്തിയ തെരുവുനായയുടെ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടത്. ഈ സംഭവം ആളുകളുടെ മനസ്സിൽ‍ നിന്നും മായും മുമ്പെയാണ് നായയുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നുള്ള വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടത്.

വിഷം ചെന്ന നിലയിൽ നായയെ കണ്ടെത്തിയത് നാല് ദിവസം മുമ്പ്. വൈറല്‍ നായ പിണങ്ങോട് ലക്ഷം വീട് കോളനിയിലെ മിക്ക വീടുകളിലും രാത്രിയെന്നോ പകലെന്നോമില്ലാതെ ചുറ്റിത്തിരിയാറുണ്ടായിരുന്നു. രാത്രി കാലങ്ങളിൽ ഈ നായ ഒപ്പിക്കുന്ന കുസൃതികളിൽ പ്രദേശവാസികൾ വലഞ്ഞിരുന്നു. ഇതാവാം ഭക്ഷണത്തിൽ വിഷം കലർത്തി നല്‍കി കൊലപ്പെടുത്താന്‍ കാരണമായതെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ താഹിര്‍ പിണങ്ങോട് പ്രതികരിച്ചത്. വീടുകളിലെത്തി ചെരുപ്പ്, ഷൂസ്, മാറ്റ് എന്നിവ കടിച്ചെടുത്ത് പല വഴിക്കായി കൊണ്ട് ചെന്നിടുകയെന്നതായിരുന്നു നായയുടെ സ്ഥിരം പരിപാടി. രാവിലെ മദ്രസയിലേക്കും സ്‌കൂളിലേക്കുമൊക്കെ പോകാനിറങ്ങുന്ന കുട്ടികളുടെയും ജോലിക്ക് പോകാനിറങ്ങുന്ന മുതിര്‍ന്നവരുടെയും ചെരുപ്പും ഷൂവുമൊക്കെ മിനിറ്റുകളോളം പല സ്ഥലങ്ങളില്‍ തിരഞ്ഞ് എടുത്തുകൊണ്ടുവരേണ്ടുന്ന അവസ്ഥയും നാട്ടുകാർ നേരിട്ടിരുന്നു.

ലക്ഷംവീട് അംഗന്‍വാടിക്ക് സമീപം നാല് ദിവസമാണ് വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ നായ മരണത്തോട് മല്ലടിച്ച് കിടന്നത്. താഹിര്‍ അടക്കമുള്ളവര്‍ നായയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ പി.എം സുബൈര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനടിയില്‍ പ്രതിഷേധ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് വന്നത്.

Post a Comment

Previous Post Next Post