Trending

'കുടുംബപ്രശ്നം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി'; കരകയറാൻ മോഷണ പരമ്പര; ഒടുവില്‍ പിടിയിൽ.


കോഴിക്കോട്: ചേവായൂരിലെ മോഷണ പരമ്പരയില്‍ പ്രതി അഖില്‍ 14 ഇടങ്ങളിൽ നിന്നുമായി മോഷ്ടിച്ചത് 38 പവന്‍ സ്വര്‍ണം. അഖിലിന്‍റെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണവും പണവും ഇലക്ട്രിക് ഉപകരണങ്ങളും പൊലീസ് കണ്ടെത്തി. കക്കോടി, എലത്തൂര്‍ മേഖലകളിലെ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം.

ചേവായൂരിലെ വീട്ടില്‍ നിന്ന് 25 പവന്‍ കവര്‍ന്ന കേസിലെ പ്രതി മാങ്കാവ് പാറക്കുളം സ്വദേശി അഖില്‍ നിസാരക്കാരനല്ല. 14 ഇടങ്ങളില്‍ നിന്നായി സ്വര്‍ണവും പണവും മദ്യവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചിട്ടുണ്ട്. വിവധയിടങ്ങളില്‍ നിന്ന് മൊത്തം 38 പവന്‍ സ്വര്‍ണം അഖില്‍ മോഷ്ടിച്ചു. അഖിലിന്‍റെ വാടക വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കവര്‍ച്ച ചെയ്ത സാധനങ്ങള്‍ കണ്ടെടുത്തു. 36 പവന്‍ സ്വര്‍ണത്തിന് പുറമെ 3,11,690 രൂപ, 10ലിറ്റര്‍ മദ്യം, ഡിജിറ്റല്‍ ക്യാമറ, വിലകൂടിയ ഹെഡ്സെറ്റ്,ഫാന്‍, ലാപ്ടോപ് എന്നിവയും കണ്ടെത്തി. 

ലാപ്ടോപ്പ് മോഷണം നടത്തിയ പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു. രണ്ട് പവന്‍ സ്വര്‍ണം അഖിലിന്‍റെ സ്കൂട്ടറിലെ സീറ്റിനടിയില്‍ നിന്നുമാണ് കണ്ടെത്തിയത്. കക്കോടിയിലും എലത്തൂരും ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം. കുടുംബപ്രശ്നം കാരണമുള്ള സാമ്പത്തികപ്രതിസന്ധി തീര്‍ക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. അഖിലിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. 

ഞായറാഴ്ച രാത്രിയില്‍ കക്കോടിയിലെ വീട്ടിലെ മോഷണശ്രമം നാട്ടുകാര്‍ തടഞ്ഞതോടെ അഖില്‍ പിടിയിലായി. സ്വന്തം സ്കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകള‍ഞ്ഞ അഖില്‍ മറ്റൊരുവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. അതേസമയം ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടില്‍ നിന്ന് 40 പവന്‍ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post