കോഴിക്കോട്: വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തുന്ന 'കൂടെയുണ്ട്, കരുത്തായി കരുതലായി' പരാതി പരിഹാര അദാലത്ത് ഒക്ടോബർ 4ന് രാവിലെ ഒൻപത് മുതൽ കക്കോടി പ്രിന്‍സ് ഓഡിറ്റോറിയത്തിൽ നടക്കും. സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം നിർവഹിക്കും. അദാലത്തിലേക്ക് 715 പരാതികളാണ് ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, സ്വയംഭരണ സ്ഥാപനങ്ങൾ, മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതൽ ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നേരിട്ടും ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. അദാലത്ത് ദിവസം നേരിട്ടും പരാതികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, കുടിവെള്ളം, ഭക്ഷ്യസുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, റേഷന്‍ കാര്‍ഡ്, കാര്‍ഷിക മേഖല, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍, വന്യജീവി ആക്രമണങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.