മാനന്തവാടി: വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെടിയുണ്ടകളുമായി യുവാവിനെ എക്സൈസ് പിടികൂടി. ഉണ്ണികുളം പുനൂർ സ്വദേശി ഞാറപ്പൊയിൽ വീട്ടിൽ സുഹൈബ് (40) ആണ് പിടിയിലായത്. ഇന്ന് രാവിലയോടെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. സുഹൈബിൻ്റെ പക്കൽ നിന്നും 30 വെടിയുണ്ടകളാണ് എക്സൈസ് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ തിരുനെല്ലി പോലീസ് പ്രതിയെയും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
കർണ്ണാടക ഭാഗത്തു നിന്നും നടന്നുവരികയായിരുന്ന സുഹൈബ് കാൽനടയായി ആരും വരാത്ത വനമേഖലയിലൂടെ നടന്നുവന്നതാണ് എക്സൈസിന് സംശയം തോന്നാൻ കാരണം. ഇതോടെ സുഹൈബിനെ തടഞ്ഞുനിർത്തി പരിശോധന സംഘം ചോദ്യം ചെയ്യുകയായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായത്തോടെ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് യുവാവ് അറിയിക്കുകയായിരുന്നു. ഇതോടെ യുവാവിനെ തടഞ്ഞു വെച്ച എക്സൈസ് സംഘം തിരുനെല്ലി പോലീസിനെ വിവരം അറിയിച്ചു.
പോലിസ് സ്ഥലത്തെത്തി യുവാവിനെ ദേഹപരിശോധന നടത്തുകയും 30 വെടിയുണ്ടകൾ കണ്ടെടുക്കുകയുമായിരുന്നു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.ജോണി, എം.കെ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, കെ. തോമസ്, പി.എൻ ശശികുമാർ, ബി. സുധിപ് എന്നിവരുണ്ടായിരുന്നു.