പേരാമ്പ്ര: മേപ്പയ്യൂരില്‍ വീട്ടില്‍ സ്ഥാപിച്ച സോളാര്‍ പാനലിനോടൊപ്പമുള്ള ബാറ്ററി യൂണിറ്റിന് തീപ്പിടിച്ചു. പുളിയത്തിങ്കലില്‍ പട്ടോറക്കല്‍ അബ്ദുല്‍ നബീലിൻ്റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ മുകളില്‍ നിന്ന് തീയും പുകയും കണ്ട് പരിഭ്രാന്തരായ അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ യൂണിറ്റ് എത്തിയശേഷം വീട് തുറന്നു മുകളിലത്തെ നിലയിലുള്ള ബാറ്ററി യൂണിറ്റിന്റെ ഇലക്ട്രിക്കല്‍ കണക്ഷന്‍ വിച്ഛേദിച്ചു സുരക്ഷിതമാക്കി. സോളാര്‍ പാനലിന്റെ മൂന്നോളം ബാറ്ററികള്‍ കത്തി നശിച്ചു.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖിന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, ടി. ബബീഷ്, കെ.പി വിപിന്‍, അശ്വിന്‍ ഗോവിന്ദ്, കെ. ജിഷാദ്, അശ്വിന്‍.ബി, കെ. അജേഷ്, ആരാധ് കുമാര്‍ ഹോം ഗാര്‍ഡ്മാരായ എ.എം രാജീവന്‍, പി. മുരളീധരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.