കോഴിക്കോട്: മുസ്ലിംലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ മുനീറിനെ ഹൃദയാഘാതത്തെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.
മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ അറിയിച്ചത്. നിലവിൽ വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.