Trending

വായില്‍ കുടുങ്ങിയ എല്ലിന്‍ കഷണം എടുത്തു മാറ്റി; ജീവന്‍ കാത്തതിന്റെ നന്ദി; നസീറയെ തേടി വീണ്ടും തെരുവുനായ എത്തി.


വൈത്തിരി: ജീവന്‍ രക്ഷിച്ചവരെ തേടിയെത്തി അവരോട് കൂട്ടായി വയനാട്ടിൽ ഒരു തെരുവുനായ. വൈത്തിരി പിണങ്ങോട് ഹൈസ്‌കൂള്‍ ജങ്ഷനിലെ ലക്ഷംവീട് കോളനിയിലാണ് രക്ഷാപ്രവര്‍ത്തനവും പിന്നീടുള്ള കൂട്ടുകൂടലുമെല്ലാം. വായില്‍ കുറുകെ കുടുങ്ങിയ എല്ലിന്‍ കഷണവുമായി മരണത്തോട് മല്ലിട്ട തെരുവുനായയെ ആണ് നാട്ടുകാരി ഒടുങ്ങാട് നസീറ രക്ഷിച്ചത്.

ശനിയാഴ്ച വൈകീട്ടാണ് നസീറ തന്റെ വീടിന് സമീപം അവശനായ തെരുവുനായയെ കാണുന്നത്. കടിക്കുമോയെന്ന ആശങ്കയുണ്ടെങ്കിലും കരുതലോടെ നായയുടെ മുഖം പിടിച്ചുയര്‍ത്തി. പക്ഷേ, തെരുവുനായ അക്രമാസക്തമായില്ല. വായില്‍ കുടുങ്ങിയ എല്ലിന്‍കഷണം മരക്കമ്പ് ഉപയോഗിച്ച് ഇളക്കിമാറ്റി. നായ പോവുകയും ചെയ്തു. എന്നാല്‍, ഞായറാഴ്ച വൈകീട്ട് നായ വീണ്ടും ലക്ഷംവീട് കോളനിയിലെത്തി. നസീറ വിളിച്ചപ്പോള്‍ ഓടി അരികില്‍വന്നു. വാലാട്ടിയും നിലത്തിരുന്നും സ്‌നേഹം പ്രകടിപ്പിച്ചു. വൈകാതെ തന്നെ തന്റെ ജീവന്‍ രക്ഷിച്ചവളോട് നായ കൂട്ടാവുകയും ചെയ്തു.

തെരുവുനായയുടെ ജീവന്‍ രക്ഷിച്ചതിന് നസീറയെ ഇന്നലെ മെറുക്യാപ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആദരിച്ചപ്പോള്‍ ചടങ്ങിന് തെരുവുനായയും സാക്ഷിയായി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ താഹിര്‍ പിണങ്ങോട് നസീറയ്ക്ക് ഉപഹാരം നല്‍കി. പി.എം സുബൈര്‍ പൊന്നാടയണിയിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തംഗങ്ങളായ അന്‍വര്‍ സാദത്ത്, ജാസര്‍ പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post