കോഴിക്കോട്: ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. നടുവണ്ണൂർ സ്വദേശി ചെറിയ പറമ്പിൽ സുബൈർ (48) നെയാണ് സൈബർ ക്രൈം പൊലീസ് സംഘം പിടികൂടിയത്. കോട്ടയം പാലാ സ്വദേശിയിൽ നിന്നും 55 ലക്ഷത്തിലധികം രൂപ തട്ടിയ കേസിലാണ് സുബൈർ പിടിയിലായത്.
കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഫയേഴ്‌സ് സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്റിന്റെ ഓഹരികളിൽ ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പാലാ രാമപുരം ഏഴാച്ചരി സ്വാദേശിയിൽ നിന്ന് പലതവണകളായി പല അക്കൗണ്ടുകളിലേക്ക് 55,39,222 രൂപയാണ് വാങ്ങിയത്.
എന്നാൽ, ഇയാൾ മുതലോ ലാഭമോ നൽകാതെ വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. തുടർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കോട്ടയം സൈബർ ക്രൈം സ്റ്റേഷനിൽ തുടർ അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.