കൊച്ചി: പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിലടക്കം 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നുംകൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്. ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ചാണ് അന്വേഷണം. മോട്ടോർ വാഹനവകുപ്പിന്റെ സഹകരണത്തോടെയാണ് പരിശോധന.
വിദേശ രാജ്യങ്ങളിൽ നിന്ന് വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച് അവിടെ നിന്നും രജിസ്റ്റർ ചെയ്ത് ഉപയോഗിച്ച വാഹനമെന്ന നിലയിൽ കുറഞ്ഞ നികുതി നിരക്കിൽ ഇന്ത്യയിൽ എത്തിച്ച് വിൽപ്പന നടത്തുന്നുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നുംകൂർ. നുംകൂർ എന്നാൽ ഭൂട്ടാനി ഭാഷയിൽ വാഹനം എന്നാണ് അർത്ഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. ദുൽഖറിന്റെ നിസാൻ പെട്രോൾ, പൃഥ്വിരാജിന്റെ ലാൻഡ് റോവർ ഡിഫൻഡർ എന്നീ വാഹനങ്ങളുടെ ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന. ഇവർക്ക് വാഹനങ്ങൾ വാങ്ങാൻ ഇടനിലക്കാരായി നിന്നവർ നികുതി വെട്ടിച്ചതായാണ് ആരോപണം.