ദുബായ്: ടൈം ലൂപ്പിൽ അകപ്പെട്ട അവസ്ഥയിലാണ് ഏഷ്യാകപ്പ് ക്രിക്കറ്റ്. കഴിഞ്ഞ ഞായറാഴ്ചത്തെ ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ ആവേശം അടങ്ങും മുൻപ് ഇതാ ടൂർണമെന്റിൽ ഇന്ന് വീണ്ടും ഇന്ത്യ- പാകിസ്താൻ ഗ്ലാമർ പോരാട്ടം നടക്കുകയാണ്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ വിവാദങ്ങളുടെ ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ-പാക് മത്സരം കൂടി നേര്‍ക്കുനേര്‍ വരുന്നത്. ഇതോടെ ആവേശം കൊടുമുടിയിലെത്തും. തുടർച്ചയായ ഞായറാഴ്ചകൾ ഇങ്ങനെ ഇന്ത്യ- പാക്ക് പോരാട്ടത്തിനു വേദിയാകുന്നത് അപൂർവമാണ്.
സൂപ്പർ ഫോറിൽ പോയിന്റ് നിലയിൽ ഇന്ത്യയും പാക്കിസ്ഥാനും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയാൽ അടുത്ത ഞായറാഴ്ചയും ഇതുപോലൊരു മത്സരത്തിനു ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വീണ്ടും വേദിയാകും. തുടർച്ചയായി മൂന്ന് ഞായറാഴ്ചകളിൽ ഒരേ ടീമുകൾ ഒരേ സ്റ്റേഡിയത്തിൽ വ്യത്യസ്ത ഘട്ടങ്ങളിൽ മത്സരിക്കുക എന്നത് രാജ്യാന്തര ക്രിക്കറ്റ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ തന്നെ അപൂർവമാണ്. ഇനി ഈ മത്സരങ്ങളിലെല്ലാം കഴിഞ്ഞ ഞായറാഴ്ചത്തെ ഫലം ആവർത്തിക്കുകയാണെന്നു കരുതുക. ഒരു ടൂർണമെന്റിൽ തുടർച്ചയായ മൂന്ന് ഞായറാഴ്ചകളിൽ ഒരേ ടീമിനെ തോൽപിച്ചു എന്ന അപൂർവ നേട്ടവും ഇന്ത്യയ്ക്കു സ്വന്തമാക്കാം.
കൈകൊടുക്കാതെ തുടങ്ങിയ വിവാദങ്ങളുടെ ചരിത്രം, മത്സര ബഹിഷ്കരണ ഭീഷണി വരെ നീണ്ടതും ഇത്തവണ കാണാനായി. ബഹിഷ്കരണ ഭീഷണിക്കുശേഷം യുഎഇയ്ക്കെതിരായ മത്സരം വൈകിപ്പിച്ച പാക്കിസ്ഥാൻ, മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് മാപ്പു പറഞ്ഞെന്ന പിടിവള്ളിയിൽ തൂങ്ങിയാണ് മുഖം രക്ഷിച്ചത്. ഇതെല്ലാം ഗൗരവമായെടുത്ത് പാക്കിസ്ഥാനെതിരെ വടിയെടുത്തിരിക്കുകയാണ് ഐസിസി. ഇന്നത്തെ മൽസരത്തിൽ ആൻഡി പൈക്രോഫ്റ്റ് ആയിരിക്കുമോ മാച്ച് റഫറി എന്നാണ് ഇനി അറിയേണ്ടത്. ആണെങ്കിൽ മാച്ച് റഫറിയുടെ ചുണ്ടനക്കലിനു പോലും ക്രിക്കറ്റ് ലോകം കണ്ണുകൂർപ്പിച്ചിരിക്കും.
ടീം ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.