കോഴിക്കോട്: നഗരത്തിൽ ഗതാഗതക്കുരുക്കഴിക്കാൻ പൊലീസ് വിവിധ വകുപ്പുകളുമായി ചേർന്നു നടപ്പാക്കാൻ തീരുമാനിച്ച ഗതാഗത മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതു താൽക്കാലികമായി മാറ്റിവച്ചു. എന്നാൽ അരയിടത്തുപാലം- തൊണ്ടയാട് റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലച്ചു. അരയിടത്തുപാലം മുതൽ തൊണ്ടയാട് വരെ യു ടേൺ നിരോധിച്ചാണ് പരിഷ്കാരം. ഇതിൽ യാത്രക്കാർക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് യു ടേൺ അനുമതി നൽകിയത്. ഇതോടെ പൊറ്റമ്മൽ, കുതിരവട്ടം ഭാഗത്തു നിന്നു മാവൂർ റോഡ് വഴി കോട്ടൂളിയിലേക്ക് തിരിയേണ്ട വാഹനങ്ങൾ അരയിടത്തുപാലം വരെ അധികദൂരം സഞ്ചരിച്ച് യു ടേൺ എടുത്ത് തിരിച്ചു വരണം. ഇത് കുരുക്ക് കൂട്ടുമെന്നാണ് യാത്രക്കാരുടെ പക്ഷം.
തൊണ്ടയാട്-അരയിടത്തുപാലം റോഡിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസ് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും പരിഷ്കാരത്തിനെതിരെ ചിലരുടെ ഇടപെടലുണ്ടെന്ന് ആരോപണം ഉയർന്നു. ഇതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നിർത്തി വയ്ക്കുകയായിരുന്നു. മലാപ്പറമ്പ് –മാനാഞ്ചിറ നാലുവരി പാതയായി വികസിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ പുതിയ ട്രാഫിക് പ്ലാൻ നടപ്പാക്കിയാലും ഗതാഗത പ്രശ്നം ഒഴിയില്ലെന്ന വിലയിരുത്തലിലാണ് തൽക്കാലം ഗതാഗത നിയന്ത്രണത്തിനുള്ള മാസ്റ്റർ പ്ലാൻ മാറ്റി വച്ചതെന്നു പറയുന്നു.
പരിഷ്കാരം നടപ്പാക്കും മുൻപ് നിലവിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. രണ്ടു ദിവസത്തിനകം തൊണ്ടയാട്-മലാപ്പറമ്പ് ദേശീയപാതയിൽ കുടിൽതോട്, ചേവരമ്പലം ബൈപാസ് ജംഗ്ഷനുകളിൽ ദേശീയപാതയിലെ മൂന്നുവരി പാത വേർതിരിക്കുന്ന ഡിവൈഡറുകൾ സ്ഥാപിക്കുമെന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ തൊണ്ടയാട്, മലാപ്പറമ്പ്, പാച്ചാക്കിൽ, നേതാജി ജംഗ്ഷൻ റോഡുകളിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടും.
ചേവരമ്പലം, കുടിൽതോട് ഭാഗത്തു നിന്നു സിവിൽ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിലെ ഡിവൈഡർ അടയ്ക്കുന്നതോടെ തൊണ്ടയാട് ജംക്‌ഷനു തൊട്ടുമുൻപുള്ള മേൽപ്പാലത്തിനടിയിലെ യു ടേൺ സംവിധാനം ഉപയോഗിക്കണം. കുടിൽതോട് നിന്ന് ഇവിടെ എത്തി യു-ടേൺ എടുത്തു വേണം നേതാജി ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ, പനാത്തുതാഴം, ഹരിതനഗർ എന്നീ ഭാഗങ്ങളിലേക്ക് പോകാൻ. രാമനാട്ടുകരയിൽ നിന്നു സർവീസ് റോഡ് വഴി തൊണ്ടയാട് എത്തി നെല്ലിക്കോട് ഭാഗത്തേക്കു പോകാൻ തൊണ്ടയാട് ജംഗ്ഷൻ എത്തും മുൻപും യു-ടേൺ സംവിധാനം ഏർപ്പെടുത്തി.
ഈ മാസം അവസാനത്തോടെ മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെ നാലുവരി പാതയിൽ ഓടകൾ നിർമിച്ചു വീതികൂട്ടൽ പൂർണമാകും. അടുത്ത മാസം ടാറിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 3 മാസം കൊണ്ടു മാനാഞ്ചിറ വരെ നാലുവരി പാത പൂർണമാകുമെന്നാണ് നിർമാണ കരാർ ഏറ്റെടുത്ത സ്ഥാപനം പറയുന്നത്. ഈ സാഹചര്യത്തിൽ പാത ഇരട്ടിപ്പിക്കലിനു ശേഷം ഗതാഗത നിയന്ത്രണവും പരിഷ്കാരങ്ങളും നടപ്പാക്കിയാൽ മതിയെന്നാണ് പൊലീസും കണക്കു കൂട്ടുന്നത്.