ബാലുശ്ശേരി: വൈബടിക്കാൻ പറ്റിയ സ്ഥലം അന്വേഷിക്കുകയാണോ? പോകാം നമ്പികുളത്തേക്ക്. മലബാറിൻ്റെ മീശപ്പുലിമല, കാറ്റുള്ള മല എന്നൊക്കെയാണ് നമ്പികുളത്തിന്റെ വിളിപ്പേരുകൾ. ഈ പേരുകളൊക്കെ ശരി വയ്ക്കുന്നതാണ് ഇവിടുത്തെ കാലാവസ്ഥ. കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയർന്ന മലനിരകളിൽ ഒന്നാണ് നമ്പിക്കുളം. 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നമ്പികുളം ഹിൽ ടോപ്പിൽ നിന്നുള്ള കാഴ്ച ആരുടെയും മനം മയക്കും. വ്യൂ പോയിൻ്റിൽ കയറി നിൽക്കുമ്പോൾ കിട്ടുന്ന അനുഭവം പറഞ്ഞ് അറിയിക്കാൻ കഴിയില്ല. ഇവിടേക്ക് ഓഫ് റോഡാണ്. കുറച്ച് റിസ്ക്ക് എടുക്കാൻ തയ്യാറാണേൽ ജീപ്പും ബൈക്കും എടുത്ത് ഇവിടേക്ക് വൈബടിച്ച് കയറാം.
ഈ മഴക്കാലത്ത് നമ്പികുളത്തേക്ക് എത്തിയത് നൂറുകണക്കിന് യുവാക്കളാണ്. പലരും ഇവിടേക്കുള്ള യാത്ര റീൽസാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കോടമഞ്ഞും മഴയും ആസ്വദിച്ചുള്ള യാത്ര ഏവരേയും ആകർഷിക്കുന്നതാണ്. ബാലുശ്ശേരിയിൽ നിന്നും ഏതാണ്ട് 9 കിലോ മീറ്റർ ദൂരമാണ് നമ്പിക്കുളത്തേക്കുള്ളത്. നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ ഇവിടെ നടന്നു കൊണ്ടിരിക്കുകയാണ്. പ്രവൃത്തി പൂർത്തിയായി കഴിഞ്ഞാൽ നമ്പികുളം വേറെ ലെവലാകും. വയനാട്ടേക്കും ഇടുക്കിയിലേക്കും പ്രകൃതി ഭംഗി ആസ്വദിക്കാനായി യാത്ര ചെയ്യുന്നവർ കോഴിക്കോട്ടെ ഇത്തരം ഹിൽടോപ്പ് കാഴ്ചകൾ മിസ്സാക്കരുത്.