കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കോട്ടപ്പറമ്പ് ആശുപത്രിയോട് ചേര്‍ന്നുളള സ്വകാര്യ ഭൂമിയിലെ മണ്ണെടുത്തതിനെ തുടര്‍ന്ന് ആശുപത്രി കാന്‍റീന്‍റെ അടിത്തറ ഇളകി വീണു. അപകട ഭീഷണിയെ തുടര്‍ന്ന് പേവാര്‍ഡില്‍ നിന്നും രോഗികളെ മാറ്റി. മാസങ്ങള്‍ക്ക് മുമ്പ് മണ്ണെടുക്കുമ്പോള്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് വീണിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടപ്പറമ്പ് ആശുപത്രിയിലെ കാന്‍റീന്‍റെ തറയുടെ അടിഭാഗം ഇടിഞ്ഞു വീണത്. കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നില്ലാത്തതിനാല്‍ ആളപായം ഒഴിവായി. ആശുപത്രിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടം. മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ മതില്‍ ഇടിഞ്ഞു വീണിരുന്നു. ആശുപത്രിയോട് ചേര്‍ന്നുള്ള പാര്‍ശ്വഭിത്തി ബലപ്പെടുത്തിയ ശേഷം മാത്രമേ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താവു എന്ന് സ്ഥല ഉടമയോട് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാൽ മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുത്തതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം.
അപകടഭീഷണിയെ തുടര്‍ന്ന് പേവാര്‍ഡില്‍ നിന്നും രോഗികളെ മാറ്റി. മണ്ണിടിഞ്ഞ ഭാഗത്ത് ബലപ്പെടുത്തല്‍ നടപടി അടിയന്തരമായി ചെയ്യാന്‍ സ്ഥല ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണ പ്രവത്തികള്‍ അതുവരെ നിര്‍ത്തി വയ്ക്കാനും നിര്‍ദ്ദേശം നല്‍കി.