Trending

വടകര ബസ് സ്റ്റാന്‍ഡില്‍ അപകടം; ബസിൻ്റെ ചക്രം ദേഹത്ത് കയറി മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു.

വടകര: വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ പുഷ്പവല്ലി(65)യാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. വടകര നഗരസഭ മുന്‍ കൗണ്‍സിലറാണ്.

ഇന്ന് രാവിലെ 10.45ന് ആയിരുന്നു അപകടം. മകള്‍ക്കും പേരക്കുട്ടിക്കുമൊപ്പം കണ്ണൂരിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു പുഷ്പവല്ലി. ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇവരെ ഇടിച്ചിട്ടത്. നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. പരിസരത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി. 

തുടര്‍ന്ന് സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ബസ് തള്ളി മാറ്റിയാണ് പുഷ്പവല്ലിയെ പുറത്തെടുത്തത്. ഉടന്‍ വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post