കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയുടെ കയ്യിൽ നിന്നും 1.6 കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. നടുവണ്ണൂര്‍ സ്വദേശിയായ ഗോബിഷ് കെ.പി (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മേയ് വരെയുളള കാലയളവില്‍ ഫിന്‍ബ്രിഡ്ജ് കാപിറ്റല്‍ എന്ന കമ്പനിയുടെ പേരില്‍ എഐ ഓണ്‍ലൈന്‍ ട്രേഡിങ് മുഖേന പണം നിക്ഷേപിച്ചാല്‍ അമിത ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വന്‍തുക നിക്ഷേപിച്ചിട്ടും പണം തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് തുരുത്തി സ്വദേശിയായ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
ചങ്ങാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിൻ്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം സൈബര്‍ ക്രൈം പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. തുരുത്തി സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത പണം വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരു വലിയ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടുവണ്ണൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തില്‍ ഈ അക്കൗണ്ടിന്റെ ഉടമ നടുവണ്ണൂര്‍ സ്വദേശിയായ ഗോബിഷ് ആണെന്ന് മനസ്സിലായി. പ്രതി നടുവണ്ണൂര്‍ ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് ഇവിടയെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ 1 ലക്ഷം രൂപയ്ക്ക് 1000 രൂപ കമ്മീഷന്‍ നിരക്കില്‍ അക്കൗണ്ട് വാടകയ്ക്ക് നല്‍കിയതാണെന്നും അക്കൗണ്ടില്‍ പണം വന്നാല്‍ ഉടന്‍ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം അവര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു രീതിയെന്നും അറസ്റ്റിലായ പ്രതി പറഞ്ഞു. തട്ടിപ്പില്‍ പങ്കാളികളായുള്ള മുഴുവന്‍ ആളുകള്‍ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.