Trending

ബംഗളൂരുവിൽ ചെരുപ്പിനുള്ളിൽ നിന്ന് പാമ്പ് കടിയേറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു.


ബംഗളൂരു: ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ പാമ്പ് കടിയേറ്റ് മരിച്ചു. ബന്നാർഘട്ടയിലെ രംഗനാഥ ലേഔട്ടിലെ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. വീടിന് പുറത്ത് കിടന്നിരുന്ന ചെരുപ്പ് ധരിച്ചപ്പോഴാണ് പാമ്പ് കടിച്ചതെന്ന് സംശയിക്കുന്നു. ചെരുപ്പിനുള്ളിൽ പാമ്പ് ചുരുണ്ടുകൂടി കിടക്കുകയായിരുന്നുവെന്നാണ് വിവരം.

വെള്ളിയാഴ്ച വൈകുന്നേരം മഞ്ജു ചെരുപ്പ് ധരിച്ച് പുറത്തിറങ്ങുകയും പിന്നീട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ശേഷം പതിവുപോലെ ഉറങ്ങാൻ കിടന്നു എന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയ ഒരു സുഹൃത്താണ് ചെരുപ്പിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. മഞ്ജുപ്രകാശിനെ ഉണർത്താൻ അവർ ശ്രമിച്ചെങ്കിലും അയാൾ പ്രതികരിച്ചില്ല.

"മണ്ഡല ഹാവു" എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ഒരു അണലിയാണ് കാലിൽ കടിച്ചതെന്നാണ് സംശയം. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തെത്തുടർന്ന് മഞ്ജുവിന്റെ കാലിൽ സംവേദനക്ഷമത നഷ്ടപ്പെട്ടിരുന്നു. അതിനാലാകാം കടിയേറ്റതിന്റെ വേദന അറിയാതിരുന്നതെന്നും വൈദ്യസഹായം തേടാതിരുന്നതെന്നും കുടുംബം പറയുന്നു.

മഞ്ജു പ്രകാശിന്റെ സുഹൃത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ബന്നാർഘട്ട പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച കുടുംബത്തിന് കൈമാറി. മഞ്ജുപ്രകാശിന്റെ കാൽവിരലിൽ പാമ്പ് കടിയേറ്റ പാടുകൾ ഉണ്ടെങ്കിലും ഔദ്യോഗിക റിപ്പോർട്ടിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post