കാക്കൂർ: ചായക്കടകൾ നാട്ടിൻ പുറങ്ങളിൽ ഒരുപാടുണ്ടെങ്കിലും ശ്രദ്ധേയമായി കാക്കൂരിലെ ഒരു പലഹാരക്കട. റിച്ചീസ് പലഹാരക്കടയാണ് മറ്റുകടകളിൽ നിന്നും വേറിട്ടു നിൽക്കുന്നത്. എല്ലാവരും തോന്നിയ പോലെ ചായക്കടികൾക്ക് വിലയിടുമ്പോൾ ഇവിടെ എട്ടു രൂപ മാത്രമാണ് വില. കല്ലുമ്മക്കായ നിറച്ചതിന് മാത്രം വില അല്പം വ്യത്യസ്തമാണ്.
ചിക്കൻ പക്കുവട, മസാല വട, കോഴിക്കാല്, പരിപ്പുവട, ഉഴുന്നുവട, മസാല വട അങ്ങനെ ഒരു പത്ത് പതിനഞ്ച് രുചികരമായ പലഹാരങ്ങളുണ്ട് ഇവിടുത്തെ ചില്ലുകൂട്ടിൽ. കടി വാങ്ങുന്നവർക്ക് കട്ടൻ ചായ ഫ്രീയാണ്. കൂടുതലും പാർസലാണ് ഇവിടെ നിന്ന് പോകുന്നത്. കാക്കൂരിലെ ബസ് സ്റ്റാൻഡിന് നേരെ എതിർവശമാണ് റിച്ചീസ് പലഹാരക്കട. കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേരാണ് വൈകുന്നേരങ്ങളിൽ ഇവിടേക്ക് പലഹാരങ്ങൾ വാങ്ങാനെത്തുന്നത്.