Trending

വെര്‍ച്വല്‍ അറസ്റ്റിലൂടെ 18 ലക്ഷം രൂപ തട്ടിയ കേസ്; താമരശ്ശേരി സ്വദേശി അറസ്റ്റിൽ.


താമരശ്ശേരി: താമരശ്ശേരിയില്‍ വെര്‍ച്ച്വല്‍ അറസ്റ്റിലൂടെ 18 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാന്‍ (29) ആണ് പിടിയിലായത്. ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിദേശത്തേക്ക് കടക്കുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ നേരത്തെ രണ്ടുപേര്‍ പിടിയിലായിരുന്നു.

താമരശ്ശേരി സ്വദേശിയായ റിട്ട.അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയെ രണ്ടുദിവസം വെര്‍ച്ച്വല്‍ അറസ്റ്റില്‍ നിര്‍ത്തിയായിരുന്നു തട്ടിപ്പ്. നഷ്ടമായ തുകയില്‍ 7 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സല്‍മാനെ പിടികൂടിയത്. സല്‍മാന്‍റെ നിര്‍ദ്ദേശപ്രകാരം തട്ടിയെടുത്ത പണം താമരശ്ശേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തതായും പോലീസ് കണ്ടെത്തി. 

ഈങ്ങാപ്പുഴയില്‍ യുവാവിനെ തട്ടികൊണ്ടുപോയ കേസിലും പ്രതിയാണ് സല്‍മാന്‍. ഈ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. രണ്ട് സംഭവങ്ങളിലും പ്രതിക്കെതിരെ ലുക്ക് ഔട്ട് പുറപെടുവിപ്പിച്ചിരുന്നു. റൂറല്‍ എസ്‌പിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post