Trending

കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് ‘ആകാശ എയർ’ നവംബർ ഒന്നു മുതൽ.


കോഴിക്കോട്: കരിപ്പൂരിൻ്റെ ആകാശം കീഴടക്കാൻ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുമായി ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയർ വരുന്നു. ആഭ്യന്തരമേഖലയിൽ മുംബൈയിലേക്കും അന്താരാഷ്ട്രതലത്തിൽ ജിദ്ദയിലേക്കുമാണ് സർവീസ് നടത്തുക. മുംബൈ സർവീസ് ഒക്ടോബർ ഒന്നിന് തുടങ്ങും. ആകാശ എയറിലൂടെ കരിപ്പൂരിൽനിന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മുംബൈയിലെത്താമെന്നത് യാത്രക്കാർക്ക് മുതൽക്കൂട്ടാകും. ബുക്കിങ് ആപ്പുകളിൽ 3999 രൂപയാണ് നിലവിലെ നിരക്ക്. ഈ നിരക്കിൽത്തന്നെ ചെറിയ ഇളവുകളും ലഭ്യമാണ്. 1.45 മണിക്കൂറാണ് യാത്രാസമയം.

ഇൻഡിഗോയും എയർ ഇന്ത്യയുമാണ് കരിപ്പൂരിൽനിന്ന് നിലവിൽ മുംബൈയിലേക്ക് സർവീസ് നടത്തുന്നത്. ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസിന് 5500 രൂപയിലധികമാണ് ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യ ബെംഗളൂരു കണക്‌ട് ചെയ്‌താണ് മുംബൈ സർവീസ് നടത്തുന്നത്. നിലവിൽ 6500 രൂപയിലധികമാണ് ടിക്കറ്റ് നിരക്ക്. ആകാശ എയർ വരുന്നത് ഇരുകമ്പനികൾക്കും കനത്ത തിരിച്ചടിയായേക്കും. നവംബർ ഒന്നിനാണ് കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ സർവീസ് തുടങ്ങുന്നത്. സാധാരണക്കാരായ പ്രവാസികൾക്കും ഹജ്ജ്, ഉംറ തീർത്ഥാടകർക്കും പുതിയ വിമാന സർവീസ് ഉപകാരപ്പെടും.

കരിപ്പൂരിലെ ബിസിനസ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഒട്ടേറെ വിമാനക്കമ്പനികൾ തയ്യാറായിവരുന്നുണ്ട്. സലാം എയർ ഈമാസം 29ന് മസ്കറ്റിലേക്ക് സർവീസ് ആരംഭിക്കുന്നുണ്ട്. റിയാദ് സർവീസുമായി സൗദി എയർലൈൻസും ഗോവ-അഗത്തി സർവീസുമായി ഫ്ളൈ 91 കമ്പനിയും കരിപ്പൂരിലേക്കു വരുന്നുണ്ട്. ഒക്ടോബർ 26നു ശേഷമാണ് ഇരുകമ്പനികളും സർവീസ് തുടങ്ങുക.

Post a Comment

Previous Post Next Post